ചെന്നൈ: പ്രശസ്ത ചലച്ചിത്ര കലാസംവിധായകൻ പി കൃഷ്ണമൂർത്തി അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
തഞ്ചാവൂരിനടുത്ത് തീരദേശ നഗരമായ പൂമ്പുഹാറില്‍ ജനിച്ച കൃഷ്ണമൂര്‍ത്തി 1975-ല്‍ ജി.വി അയ്യരുടെ കന്നഡ ചിത്രം ഹംസ ഗീതയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് കടന്നു വന്നത്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണമെഡലോടെ വിജയിച്ച അദ്ദേഹം സിനിമയില്‍ സജീവമാകുന്നതിന് മുൻപ് നാടക- നൃത്ത മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ലെനില്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണമൂര്‍ത്തി മലയാളത്തിൽ അരങ്ങേറിയത്. വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്‍പി, പരിണയം, ഗസല്‍, കുലം, വചനം, ഒളിയമ്പുകള്‍ തുടങ്ങി പതിനഞ്ചിലേറെ മലയാള ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.
കലാസംവിധാനത്തിന് മൂന്നു തവണയും വസ്ത്രാലങ്കാരത്തിന് രണ്ടു തവണയും ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്.അഞ്ചു തവണ കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡിന് പുറമെ കലൈമാമണി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
മലയാളം, തമിഴ്, കന്നഡ, തെലുഗു, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലായി 55-ഓളം സിനിമകൾക്ക് അദ്ദേഹം കലാസംവിധാനം നിർവ്വഹിച്ചു.
Discussion about this post