കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വിവാദ ശബ്ദരേഖ റെക്കോർഡ് ചെയ്യാൻ സഹായിച്ചത് തൃപ്പൂണിത്തുറ വനിതാ സെല്ലിലെ ഇടത് അനുഭാവിയായ സീനിയർ സിവിൽ പോലീസ് ഓഫീസറെന്ന് സൂചന.
ഇത് റെക്കോർഡ് ചെയ്തതിലും പുറത്തുവിട്ടതിലും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവും പങ്കാളിയായതായാണ് വിവരങ്ങൾ. നേരത്തെ, വനിതാ പോലീസ് വിളിച്ചു തന്ന ഫോണിൽ സംസാരിച്ചിരുന്നതായും ആ വിവരങ്ങളാണ് പുറത്തുവന്നതെന്നും കസ്റ്റംസിന് സ്വപ്ന മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് കേന്ദ്ര ഏജൻസികൾ വിശദമായ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. 5 വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലായിരുന്നപ്പോഴെല്ലാം സ്വപ്നയ്ക്ക് കാവലുണ്ടായിരുന്നത്. ഇവരെല്ലാം ഇടത് അനുഭാവികളായിരുന്നു.
സ്വപ്നയെ ഒരു തവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മാത്രമാണ് മറ്റു 2 വനിതാ പോലീസ് ഉദ്യോഗസ്ഥർ കാവലുണ്ടായിരുന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പോലീസുകാരെ സ്ഥിരമായി കാവലിന് നിയോഗിച്ചതുതന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര ഏജൻസികൾ സംശയിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ സ്വർണക്കടത്ത് കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം ചെയ്തതായി സ്വപ്ന പറയുന്ന ശബ്ദരേഖ വലിയ വിവാദമായിരുന്നു.












