കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി. ഏരൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പി എസ് സുമനാണ് വിജയിച്ചത്. മുൻ സിപിഐഎം അഞ്ചൽ ഏരിയ സെക്രട്ടറിയായിരുന്നു.
ഈ വർഷം നവംബറിലാണ് സിപിഎം വിട്ട് സുമൻ ബിജെപിയിൽ ചേർന്നത്. സിപിഐ നേതാവും പുനലൂർ മുൻ എംഎൽഎയുമായിരുന്ന പി.കെ ശ്രീനിവാസന്റെ മകനാണ്. സിപിഐ മുൻ എംഎൽഎയായ പിഎസ് സുപാലിന്റെ സഹോദരനാണ് സുമൻ.
മൂന്ന് വർഷം മുൻപാണ് സുമൻ ഇടത് മുന്നണിയുമായി തെറ്റി പിരിഞ്ഞത്. കടുത്ത വിഭാഗീയതയുടെ ഇരയാണ് താനെന്നാണ് പാർട്ടി വിട്ടശേഷം സുമൻ പ്രതികരിച്ചത്. കാലങ്ങളായി എൽഡിഎഫിന്റെ കുത്തകയായിരുന്നു ഏരൂർ 14-ാം വാർഡ്. ഇവിടെ ഇടതു സ്ഥാനാർത്ഥിയായ കെജെ ദിലീപിനേയും യുഡിഎഫ് സ്ഥാനാർത്ഥി കെ.സി മുകുന്ദനേയും പിന്നിലാക്കിയാണ് സുമൻ മുന്നേറിയത്.












