തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി സിപിഎം വാളയാറില്‍ പരാജയപ്പെട്ടു. വാളയാറില്‍ സി.പി.എമ്മിനെ ഞെട്ടിച്ച് ജനങ്ങള്‍ യു.ഡി.എഫിന് വിധിയെഴുതി. വാളയാര്‍ പെണ്‍കുട്ടികളുടെ വീട് ഉള്‍പ്പെടുന്ന വാര്‍ഡാണിത്.
പുതുശ്ശേരി പഞ്ചായത്തിലെ വാളയാര്‍ പാമ്പാംപള്ളത്ത് സി.പി.എം കോട്ട ആയിരുന്നു. ഇത്തവണ ഇവിടെ യുഡിഎഫിന്റെ സുനിത രവീന്ദ്രനാണ് ജയിച്ചത്. വാളയാര്‍ കേസില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വാളയാറില്‍ മൂന്ന് വര്‍ഷം മുന്‍പാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. 13ഉം 9ഉം വയസ് മാത്രമുള്ള സഹോദരിമാരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ നാല് പ്രതികള്‍ അറസ്റ്റിലായെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതിയായ പാലക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.
പെണ്‍കുട്ടികള്‍ക്ക് നീതിനിഷേധിച്ചുവെന്ന് ആരോപിച്ച് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പരസ്യമായി തെരുവിലിറങ്ങി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഫലമെന്നോണമാണ് വാളയാറിലെ തെരഞ്ഞെടുപ്പ് ഫലം.
Discussion about this post