ഇന്ത്യന്‍ സായുധ സേനകള്‍ക്ക് ആവശ്യമായ 27,000 കോടി രൂപയുടെ വിവിധ ആയുധങ്ങള്‍, പടക്കോപ്പുകള്‍ എന്നിവ ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാന്‍ പ്രതിരോധ സംഭരണ സമിതിയുടെ അനുമതി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതി (ഡിഎസി) യോഗം ആണ് അനുമതി നല്‍കിയത്.
2020-ലെ പ്രതിരോധ സംഭരണ നടപടിക്രമത്തിന് കീഴില്‍ നടക്കുന്ന സമിതിയുടെ ആദ്യ യോഗമാണ് ഇത്. 28000 കോടി രൂപയുടെ ആവശ്യങ്ങള്‍ സമര്‍പ്പിക്കപ്പെട്ടതില്‍ 27,000 കോടി രൂപയുടെ ആയുധങ്ങളും ആഭ്യന്തര വിപണിയില്‍ നിന്നും വാങ്ങാന്‍ ആണ് അനുവാദം ലഭിച്ചിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനക്കായി പ്രതിരോധ ഗവേഷണ വികസന സംഘടന രൂപകല്പന ചെയ്ത് വികസിപ്പിച്ച എയര്‍ബോണ്‍ ഏര്‍ലി വാണിംഗ് ആന്‍ഡ് കണ്ട്രോള് സംവിധാനവും, നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച പുതുതലമുറ നിരീക്ഷണ യാനവും, കരസേനക്കായുള്ള മോഡുലാര്‍ പാലങ്ങളും അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
Discussion about this post