ന്യൂഡൽഹി: 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി ലഭിക്കുകയെന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന രീതിയിൽ ചട്ടങ്ങൾ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വൈദ്യുതി വിതരണം തടസ്സപ്പെട്ടാൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിലുള്ളതായിരിക്കും പുതിയ വ്യവസ്ഥകൾ.
ഇതു സംബന്ധിച്ച് വൈദ്യുതി വിതരണ കമ്പനികൾക്കും സംസ്ഥാനങ്ങൾക്കുമുള്ള ഉത്തരവാദിത്വങ്ങൾ വ്യക്തമാക്കിയിട്ടുള്ളത് കേന്ദ്ര ഊർജ മന്ത്രാലയം അന്തിമ രൂപം നൽകിയ താരിഫിലാണ്. താരിഫിൽ പറയുന്നത് പ്രകാരം, മുൻകൂട്ടി അറിയിക്കാതെ വൈദ്യുതി തടസ്സപ്പെടുകയോ മുൻകൂട്ടി അറിയിച്ച നിശ്ചിത സമയപരിധി കഴിഞ്ഞും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാതിരിക്കുകയും ചെയ്താൽ ഉപഭോക്താവിന് നഷ്ടപരിഹാരം ലഭിക്കും. ഉപഭോക്താവിന്റെ അക്കൗണ്ടിൽ നഷ്ടപരിഹാരം ക്രെഡിറ്റാവുകയും ചെയ്യും.
അടുത്ത തവണ ബിൽ അടയ്ക്കുമ്പോൾ ബിൽ തുകയിൽ നിന്നും ക്രെഡിറ്റായിരിക്കുന്ന നഷ്ടപരിഹാരം കുറച്ചുള്ള തുക അടച്ചാൽ മതിയാകും. കേന്ദ്രം പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിട്ടുള്ളത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ഉൽപാദനം ആവശ്യത്തിലുമധികമായ സാഹചര്യത്തിലാണ്. പുതിയ വ്യവസ്ഥകൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരിക്കും.
Discussion about this post