ചെന്നൈ: ഡി എം കെയുമായി ഒരു തരത്തിലുള്ള സഹകരണത്തിനുമില്ലെന്ന് വ്യക്തമാക്കി തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകൻ അഴഗിരി. പാർട്ടി പ്രവർത്തകരുമായും അനുയായികളുമായും ജനുവരി മൂന്നിന് കൂടിക്കാഴ്ച നടത്തുമെന്നും അന്ന് നിർണ്ണായക രാഷ്ട്രീയ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
നേരത്തെ അഴഗിരിയുടെ വിശ്വസ്തൻ കെ.പി രാമലിംഗം ബിജെപിയിൽ ചേർന്നിരുന്നു. അഴഗിരിയുടെ അനുമതിയോടെയാണ് രാമലിംഗം ബിജെപിയിൽ ചേർന്നത് എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രാമലിംഗത്തിന് പിന്നാലെ അഴഗിരിയും ബിജെപിയിൽ ചേരുമെന്നാണ് സൂചന. കരുണാനിധിയ്ക്കു ശേഷം ഡിഎംകെയുടെ അധ്യക്ഷനായി ചുമതലയേറ്റ ആരെയും മനസ് കൊണ്ട് പൂർണമായി അംഗീകരിക്കാൻ സാധിക്കാത്തതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് രാമലിംഗം വ്യക്തമാക്കിയിരുന്നു.
ഇളയ സഹോദരനും ഡിഎംകെ നേതാവുമായ സ്റ്റാലിനുമായുള്ള അഴഗിരിയുടെ വൈരാഗ്യം തമിഴ്നാട് രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കുന്നുവെന്നാണ് പുറത്തു വരുന്ന സൂചനകൾ. നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്ത് 2016ൽ ഡിഎംകെ വിട്ട് പുറത്ത് പോയ അഴഗിരി ചെന്നൈ നഗരത്തിലും ഉൾനാടൻ ഗ്രാമ പ്രദേശങ്ങളിലും കർഷകർക്കിടയിലും സ്വാധീനമുള്ള നേതാവാണ്.
Discussion about this post