തിരുവനന്തപുരം: കർഷക നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കവുമായി വീണ്ടും സംസ്ഥാന സർക്കാർ. ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നില്ല. എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പോരെ എന്നും നാല് ദിവസം കൊണ്ട് കർഷകരുടെ അവസ്ഥയ്ക്ക് എന്ത് മാറ്റമാണ് സംഭവിച്ചതെന്നും ഗവർണ്ണർ ചോദിച്ചിരുന്നു. കഴിഞ്ഞ 17 ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ജനുവരി എട്ടിന് സഭ വിളിക്കാൻ ശുപാർശ ചെയ്തത്. 18 ന് ശുപാർശ ഫയൽ രാജ്ഭവനിലെത്തി. 21 ന് ഫയലിൽ ഗവർണർ ഒപ്പിട്ടു. എന്നാൽ അന്ന് ഉച്ചക്ക് ശേഷം ജനുവരി എട്ടിന് സഭ ചേരാനുള്ള തീരുമാനം പിൻവലിക്കുന്നതായും 23 ന് അടിയന്തിരമായി സഭ ചേരാൻ അനുമതി നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. 17 ന് 21 നും ഇടയിലുണ്ടായ അടിയന്തിര സാഹചര്യം എന്താണെന്ന തൻറെ ചോദ്യങ്ങൾക്ക് മറുപടി തരാതെയാണ് മുഖ്യമന്ത്രിയുടെ കത്ത് എന്നും ഗവർണ്ണർ വിമർശിച്ചു.
ഗവർണ്ണറുടെ നിലപാടിനെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിക്ക് ഗീതാവാക്യങ്ങൾ ഉദ്ധരിച്ച് രൂക്ഷമായ ഭാഷയിൽ ഗവർണർ ഇന്നലെ മറുപടിയും നൽകിയിരുന്നു. ഭരണഘടനാ ലംഘനം നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആക്ഷേപം തള്ളിയ ഗവർണർ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് തനിക്ക് കിട്ടും മുൻപ് പാർട്ടി ചാനൽ ചർച്ചയാക്കിയതിനെയും വിമർശിച്ചിരുന്നു.
നിയമസഭാ സമ്മേളനം ചേരാൻ ആവശ്യപ്പെട്ട് സർക്കാർ വീണ്ടും കത്ത് നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഗവർണ്ണറുടെ അടുത്ത തീരുമാനം നിർണ്ണായകമാകും.
Discussion about this post