ഡൽഹി: സമരം ചെയ്യുന്ന കർഷകരുമായി വസ്തുതാപരമായി എത്ര തവണ ചർച്ച നടത്താനും കേന്ദ്ര സർക്കാർ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ ചില തത്പര കക്ഷികൾ തെറ്റിദ്ധരിപ്പിക്കുകയാണ്. മണ്ഡികളെയും എ പി എം സികളെയും കുറിച്ച് സംസാരിക്കുന്നവർ കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗത്തിന്റെ നട്ടെല്ലൊടിച്ചവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടു വന്നിരിക്കുന്ന കർഷക നിയമ പരിഷ്കാരങ്ങൾ കർഷകർക്ക് വേണ്ടിയാണ്. മുൻ സർക്കാരുകളുടെ കാലത്ത് രാജ്യത്തെ പാവപ്പെട്ട കർഷകർ കൂടുതൽ ദരിദ്രരാക്കപ്പെട്ടു. ആകെ കർഷകരുടെ എൺപത് ശതമാനം വരുന്ന അവരുടെ കണ്ണീർ തുടയ്ക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നിയമം പിൻവലിക്കുന്ന പ്രശ്നമില്ലെന്നും ഭൂരിപക്ഷം കർഷകർ സർക്കാരിനും നിയമത്തിനും ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കിസാൻ സമ്മാൻ നിധി, ഫസൽ ബീമാ യോജന, കിസാൻ ക്രെഡിറ്റ് കാർഡ് എന്നിവയുടെ നേട്ടങ്ങളും പ്രധാനമന്തി കർഷകരുമായുള്ള സംവാദത്തിൽ വിശദീകരിച്ചു. കിസാൻ സമ്മാൻ നിധിയുടെ രണ്ടാം ഗഡുവായി പതിനെണ്ണായിരം കോടി രൂപ അദ്ദേഹം കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരും കമ്മീഷനുമില്ലാതെയാണ് ഈ തുക കർഷകരിലേക്ക് എത്തിയതെന്നും സർക്കാരിന്റെ ഈ നിലപാട് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
Discussion about this post