കാബൂൾ : വിവരം ചോർത്താനെത്തിയ ചൈനീസ് ചാരന്മാരെ കയ്യോടെ പിടിച്ച് അഫ്ഗാനിസ്ഥാൻ. 10 ചൈനീസ് പൗരന്മാരെയാണ് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കാബൂളിലാണ് സംഭവം.
രാജ്യത്ത് ചൈനീസ് ചാര ശൃംഖലയുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പത്തംഗ സംഘം പിടിയിലായത്. ഭീകരസംഘടനയായ ഹഖ്വാനി നെറ്റുവർക്കുമായി ബന്ധമുള്ളവരാണ് ഇവരെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും ലഹരിവസ്തുക്കളും കണ്ടെടുത്തു. ചൈനീസ് നിർമ്മിത തോക്കുകളും കെറ്റാമൈൻ പൗഡറുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സെലേഹ് രംഗത്തുവന്നു. അഫ്ഗാനിസ്ഥാനെ ചതിച്ചതിന് ചൈന ഔദ്യോഗികമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം അറസ്റ്റിലായവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് അമറുള്ള പറഞ്ഞത്.
Discussion about this post