ബംഗളുരു: കർണാടക നിയമസഭാ കൗൺസിൽ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ്.എൽ ധർമഗൗഡയുടെ മൃതദേഹം റെയിൽവേ പാളത്തിൽ കണ്ടെത്തി. 64 വയസ്സായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടെത്തിയത് പുലർച്ചെ രണ്ടു മണിയോടെയാണ്.
മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹത്തെ കഴിഞ്ഞ രാത്രി വീട്ടിൽനിന്നും കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നിയമസഭാ സമ്മേളനത്തിനിടെ ധർമഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. അതിനു പിന്നാലെയാണ് മരണം. ധർമഗൗഡയുടെ ആത്മഹത്യാ വാർത്ത ഞെട്ടലുളവാക്കിയതായി മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി ദേവഗൗഡ പ്രതികരിച്ചു.
മികച്ച വ്യക്തിത്വത്തിനുടമയായ ധർമഗൗഡയുടെ മരണം സംസ്ഥാനത്തിന് വളരെ വലിയ നഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്. മികച്ച രാഷ്ട്രീയ പ്രവർത്തകനെയാണ് നഷ്ടമായതെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമിയും പ്രതികരിച്ചു.
Discussion about this post