ഡൽഹി: വർഷത്തിലെ അവസാന ദിവസം കൊവിഡ് പോരാട്ടത്തിലെ മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടമായവരെ ഈ അവസരത്തിൽ അനുസ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് എയിംസിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ഗുരുതരമായ പ്രതിസന്ധിയെ പോലും എങ്ങനെ ഐക്യം കൊണ്ട് തരണം ചെയ്യാം എന്ന് കാണിച്ചു തന്ന വർഷമാണ് കടന്നു പോകുന്നത്. ആരോഗ്യമാണ് സമ്പത്തെന്നും പോയ വർഷം നമുക്ക് ബോദ്ധ്യപ്പെട്ടു. പുതിയ വർഷത്തിൽ വാക്സിൻ വിതരണത്തിനാണ് പ്രാധാന്യമെന്നും ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയക്ക് സജ്ജരായിരിക്കാനും ജനങ്ങളോടും ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. ഔഷധത്തോടും കരുതലിനോടും തുറന്ന സമീപനം എന്നതാണ് പുതിയ വർഷത്തെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള ആരോഗ്യ മേഖലയുടെ കേന്ദ്രമായി പോയ വർഷം ഇന്ത്യ മാറിയെന്നും വരും വർഷത്തിലും ആരോഗ്യ രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം വർദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post