തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും.
നിയന്ത്രണങ്ങളോടെയാണ് തിയേറ്ററുകൾ തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വിൽക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകും. തിയേറ്ററുകൾ അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതൽ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം. പൊലീസും സെക്ടറൽ മജിസ്ട്രേറ്റുമാരും അതുറപ്പാക്കും. മതപരമായ ഉത്സവങ്ങൾ, സാംസ്കാരികപരിപാടികൾ, കലാപരിപാടികൾ എന്നിവയ്ക്ക് ഇൻഡോറിൽ പരമാവധി 100 പേരെയും ഔട്ട്ഡോറിൽ പരമാവധി 200 പേരെയും അനുവദിക്കും.
സംസ്ഥാനത്ത് എക്സിബിഷൻ ഹാളുകൾ നിയന്ത്രണങ്ങളോടെ അനുവദിക്കും. സ്പോർട്സ് പരിശീലനങ്ങളും അനുവദിക്കും. എസ്സി, എസ്ടി വിദ്യാർത്ഥികളുടെ ഹോസ്റ്റലുകൾ നിയന്ത്രണങ്ങളോടെ തുറക്കാനും അനുമതി നൽകും.
Discussion about this post