കാസർകോട്: കാഞ്ഞാങ്ങാട് പാണത്തൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. രാജേഷ്, രവിചന്ദ്ര, സുമതി, ജയലക്ഷ്മി, ശ്രേയസ്, ആദർശ്, ശശി എന്നിവരാണ് മരിച്ചത്. ശ്രേയസിന് പതിമൂന്നും ആദർശിന് പതിനാലും വയസാണ്.
കർണ്ണാടക സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പത്തിലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. 5 മൃതദേഹങ്ങൾ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഒരു മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 33 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള 11 പേരെ മംഗലാപുരത്തെ ആശുപത്രികളിലേക്കും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്. വാഹനത്തിൽ 56 പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കർണാകയിലെ സുള്ള്യയിൽ നിന്നും പാണത്തൂരിലേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി വന്നവരാണ് അപകടത്തിൽ പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.












