ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. കൊറോണ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നടക്കുന്ന പ്രതിഷേധം രാജ്യത്ത് രോഗവ്യാപനം വർധിക്കാൻ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയിൽ രോഗവ്യാപനത്തിന് കാരണമായ തബ്ലീഗ് ജമാ അത്ത് മതസമ്മേളനം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ 40 ദിവസത്തിലേറെയായി ഡൽഹി അതിർത്തിയിൽ പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്.
വിവിധ സംഘടനകളുമായി ഇതിനോടകം തന്നെ കേന്ദ്രസർക്കാർ ഏഴ് തവണ ചർച്ച നടത്തിക്കഴിഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഒഴികെ മറ്റ് ഏത് ആവശ്യവും പരിഗണിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. എന്നാൽ, നിയമങ്ങൾ പിൻവലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ജനുവരി 8ന് വിവിധ സംഘടനകളുമായി കേന്ദ്രസർക്കാർ വീണ്ടും ചർച്ച നടത്തും.
ട്രാക്ടറുകളും ടെന്റുകളുമായി ഗതാഗതം തടസപ്പെടുത്തിയാണ് ഇവിടെ പ്രതിഷേധം നടക്കുന്നത്. സിംഘു, തിക്രി, കുണ്ഡ്‌ലി, ഘാസിപൂർ, പൽവാൽ, റെവസാൻ എന്നിവിടങ്ങളിൽ ട്രാക്ടർ റാലികൾ നടക്കുന്നുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലും ട്രാക്ടർ റാലി സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കല്ലും സിമന്റും ഉപയോഗിച്ച് ഇവർ പുരയിട നിർമ്മാണവും നടത്തുന്നുണ്ട്.
Discussion about this post