ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ഖലിസ്‌ഥാന്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഇതു സംബന്ധിച്ച്, ഇന്റലിജന്‍സ് ബ്യൂറോയില്‍നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സത്യവാങ്‌മൂലം ഇന്നു സമര്‍പ്പിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചു. പുതിയ കാര്‍ഷിക നിയങ്ങളെ അനുകൂലിക്കുന്ന സംഘടനയുടെ അഭിഭാഷകനായ ഹരീഷ് സാല്‍വെയാണു ഖാലിസ്‌ഥാന്‍ നുഴഞ്ഞുകയറ്റത്തെക്കുറിച്ചു കോടതിയില്‍ പരാമര്‍ശിച്ചത്.
ആരോപണം ശരിയാണോയെന്ന ചീഫ് ജസ്‌റ്റീസ് എസ്.എ. ബോബ്‌ഡെയുടെ ചോദ്യത്തിനു നുഴഞ്ഞുകയറ്റമുണ്ടെന്നു തങ്ങള്‍ പറഞ്ഞിരുന്നതായി വേണുഗോപാല്‍ മറുപടി നല്‍കി. ഇതോടെ, നിരോധിത സംഘടനയുടെ നുഴഞ്ഞുകയറ്റമുണ്ടെങ്കില്‍ രേഖാമൂലം സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു ചീഫ് ജസ്‌റ്റിസ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ ഇന്റലിജൻസ് ബ്യൂറോയിൽനിന്നുള്ള വിവരങ്ങൾക്കൂടി വച്ച് നാളെ സമർപ്പിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി.
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് ഹർജി നൽകിയ കർഷക സംഘടനയാണ് ഖലിസ്ഥാൻ പരാമർശം കോടതിയിൽ നടത്തിയത്. പ്രതിഷേധങ്ങൾക്കിടയിൽ ഖലിസ്ഥാന്റെ പതാകകൾ ഉണ്ടായിരുന്നതായി സംഘടനയ്ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചപ്പോൾ പരാമർശിച്ചിരുന്നു. ഇതേത്തുടർന്ന് ആരോപണം ശരിയോയെന്ന് കോടതി എജിയോട് ചോദിക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം എജി സ്ഥിരീകരിക്കുകയും ചെയ്തു.
Discussion about this post