തിരുവനന്തപുരം: ശബരിമല സീസണിൽ വൻ വരുമാന നഷ്ടമുണ്ടായത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ നിത്യച്ചെലവിന് സർക്കാരിനോട് 100 കോടി രൂപയുടെ അടിയന്തര സഹായം തേടിയിരിക്കുകയാണ് ബോർഡ്.
ശരാശരി 250 കോടി രൂപയാണ് മണ്ഡലകാലത്തെ ദേവസ്വം ബോർഡിന്റെ വരുമാനം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനം മാത്രമാണ് ഇത്തവണത്തെ വരുമാനം. വൃശ്ചികം മുതലുള്ള ഈ സീസണിൽ ഇതുവരെ ലഭിച്ചത് 16.30 കോടി രൂപയാണ്. ഇന്ന് മകരജ്യോതി ദർശനത്തിനും 5000 പേർക്ക് മാത്രമായിരുന്നു അനുവാദം ഉണ്ടായിരുന്നത്.
കരാറുകളിലും ഇക്കുറി വൻ നഷ്ടമാണ് ശബരിമലയിൽ ദേവസ്വം ബോർഡിന് സംഭവിച്ചത്. നാളികേരം , കടകൾ, ശൗചാലയം എന്നിവയുടെ ലേലത്തിൽ 2018-19 സീസണിൽ ആറേ കാൽ കോടിയാണ് വരുമാനമായി ലഭിച്ചത്. 2019-2020 ഫെബ്രുവരി വരെ ഒരു കോടി രൂപ ലഭിച്ചു. എന്നാൽ ഈ സീസണിൽ കടകൾ ലേലം കൊള്ളാൻ പോലും ആളുണ്ടായില്ല.
Discussion about this post