കൊച്ചി: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ടു സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാനമായ ഓഫീസിനെ നിയന്ത്രിക്കുന്ന പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. 19നു ഹാജരാകണെന്നാവശ്യപ്പെട്ടു കസ്റ്റംസ് ഇദ്ദേഹത്തിനു നോട്ടീസ് നല്കി. സര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
ഡോളര്‍ കടത്തില്‍ സ്വപ്നയും സരിത്തും നല്കിയ മൊഴികളില്‍ കൃത്യത വരുത്താനായി സ്പീക്കര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ വിദേശയാത്ര സംബന്ധിച്ചും പാഴ്സല്‍ സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കുകയാണു കസ്റ്റംസിന്റെ ലക്ഷ്യം.
അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെയും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെയും കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. പൊതു ഭരണവകുപ്പിന്റെ കീഴിലാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസ്. സര്‍ക്കാരിലെ ഉന്നതരുടെ യാത്രകളും താമസവും ഈ ഓഫീസ് അറിഞ്ഞാണു നടക്കുക.
നയതന്ത്ര ബാഗേജുകളുടെയും മറ്റു പാഴ്സലുകളുടെയും ക്ലിയറന്‍സ് സംബന്ധിച്ച ഫയലുകളും വിദേശയാത്ര സംബന്ധിച്ച ഫയലുകളും രഹസ്യസ്വഭാവമുള്ള മറ്റു ഫയലുകളും സംബന്ധിച്ചുള്ള കാര്യങ്ങള്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് അറിയാം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രോട്ടോകോള്‍ ഓഫീസില്‍ നിന്നു വിവരങ്ങള്‍ തേടിയിരുന്നു. എന്‍ഐഎ പ്രോട്ടോകോള്‍ ഓഫീസറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post