കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂളില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊലപ്പെടുത്തി. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയാണ് സംഭവം.
അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി ജഡ്ജിമാരായിരുന്ന ഇരുവരും കോടതി വാഹനത്തില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കോടതി വക്താവ് അഹ്മദ് ഫാഹിം ഖവീം പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റതായി പ്രാദേശിക പത്രം ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
“നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ആക്രമണത്തില്‍ ഞങ്ങള്‍ക്ക് രണ്ട് വനിതാ ജഡ്ജിമാരെ നഷ്ടപ്പെട്ടു. അവരുടെ ഡ്രൈവര്‍ക്ക് പരുക്കേറ്റു,” ഖവീം പറഞ്ഞു. വനിതാ ജഡ്ജിമാരെ അവരുടെ ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു വാഹനം. രാജ്യത്തെ പരമോന്നത കോടതിയില്‍ ജോലി ചെയ്യുന്ന 200 ലധികം വനിതാ ജഡ്ജിമാരില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടതെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന രണ്ടുപേര്‍ വാഹനത്തിന് നേരെ ചാടിവീണ് വെടിയുതിര്‍ക്കുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന് വക്താവ് സാബിഹുള്ള മുജാഹിദ് എപിയോട് പറഞ്ഞു.
Discussion about this post