കൊൽക്കത്ത: നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങുന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് മുൻ മുഖ്യമന്ത്രി എന്ന ലെറ്റർ പാഡ് തയ്യാറാക്കി വെച്ചുകൊള്ളാൻ സുവേന്ദു മമതയോട് പറഞ്ഞു.
മമതയുടെ അടുത്ത അനുയായിയായിരുന്ന സുവേന്ദു അധികാരി അടുത്തിടെയാണ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മിഡ്നാപുരിൽ നടന്ന അമിത് ഷായുടെ റാലിക്കിടെയാണ് സുവേന്ദുവും അനുയായികളും ബിജെപി അംഗത്വം എടുത്തത്.
മമതയെ സ്വന്തം തട്ടകത്തിൽ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തുമെന്നും തോറ്റാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സുവേന്ദുവിന്റെ തട്ടകത്തിൽ മത്സരിച്ച് താൻ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് വെല്ലുവിളിയായി സ്വീകരിക്കുകയാണ് എന്നാണ് സുവേന്ദു അധികാരി വ്യക്തമാക്കിയത്.











