ന്യൂഡല്‍ഹി :ആണ്‍കുഞ്ഞിന് ജന്മം നല്‍കിയില്ലെന്ന കാരണത്തില്‍ 23 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചെന്ന പരാതിയുമായി ഭാര്യ ഡല്‍ഹി കോടതിയെ സമീപിച്ചു. ഡല്‍ഹിയിലെ പ്രമുഖ വ്യാവസായിക കേന്ദ്രത്തിന്റെ ഡയറക്ടറായ ഡാനിഷ് ഹാഷിമിനെതിരെയാണ് ഭാര്യയുടെ പരാതി.
ആണ്‍കുട്ടി ജനിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും യുവതി ആരോപിക്കുന്നു.ഇവര്‍ക്ക് 20, 18 വയസുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്. പത്തിലേറെ തവണ ഗര്‍ഭിണിയായെന്നും അനധികൃതമായി നടത്തിയ പരിശോധനകളില്‍ പെണ്‍കുഞ്ഞാണെന്ന് കണ്ടെത്തിയതോടെ ഗര്‍ഭച്ഛിദ്രം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.
ഭര്‍ത്താവിനെതിരെ ഇവര്‍ വനിതാ കമ്മിഷനിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. 2017ല്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. 2019 ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി മുസ്ലിം സ്ത്രീ സുരക്ഷാ നിയമം പാസാക്കി.
Discussion about this post