തിരുവനന്തപുരം ∙ രാജ്യത്തു നിലവിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരിൽ 64.71 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലും. കേരളത്തിൽ മാത്രം 39.7% പേർ. പരിശോധനാ നിരക്കിലെ കുറവും കൃത്യമായ ഫലം ലഭിക്കാത്ത ആന്റിജൻ പരിശോധനയിൽ കേന്ദ്രീകരിക്കുന്നതും സാമൂഹിക അകലം ഉൾപ്പെടെ കാര്യങ്ങളിലെ അലംഭാവവുമാണു കേരളത്തിന്റെ വീഴ്ചകളെന്നാണു കേന്ദ്ര വിലയിരുത്തൽ. നിലവിലെ അവസ്ഥയിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
വ്യാപനം കുറയ്ക്കാൻ കേരളം ആദ്യഘട്ടത്തിൽ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇളവുകൾ നിയന്ത്രണം വിട്ടെന്നാണ് ആക്ഷേപം.രാജ്യത്താകെ പരിശോധന–സ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 1.78 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിൽ 10 ശതമാനത്തിൽ താഴെ എത്തുന്നില്ല. പരിശോധനയിൽ കേരളം 10–ാം സ്ഥാനത്താണ്. സംസ്ഥാനത്തു 75% ആന്റിജനും 25% ആർടിപിസിആർ പരിശോധനയുമാണു നടക്കുന്നത്.
ആന്റിജൻ പരിശോധനാ ഫലം കൃത്യമല്ലെന്നതാണു പ്രധാന വെല്ലുവിളി. ആന്റിജൻ പരിശോധനയിൽ നെഗറ്റീവാകുന്നവരെ കൂടുതൽ കൃത്യതയുള്ള ആർടിപിസിആർ പരിശോധനയ്ക്കു കൂടി വിധേയമാക്കുമെന്ന് ഒക്ടോബർ 7 ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല.
തമിഴ്നാട്ടിൽ സർക്കാർ തലത്തിൽ ആർടിപിസിആർ പരിശോധന മാത്രമേ നടത്തുന്നുള്ളൂ. കർണാടകയിലും ആർടിപിസിആർ പരിശോധനയാണു കൂടുതൽ. കേരളത്തിൽ കേസുകൾ ആയിരത്തിൽ താഴെയെത്താൻ ജൂലൈ വരെ കാക്കണമെന്നാണു സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിഗമനം.
Discussion about this post