പുതിയ നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ പ്രതിഷേധിക്കുന്ന ഗാസിപൂരിലെ സമരകേന്ദ്രത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ജില്ലാ ഭരണകൂടം. രാത്രി വൈദ്യുതി വിച്ഛേദിച്ചു. രണ്ടുദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശം.അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിൽ പങ്കെടുത്തവർക്കെതിരെ നടപടികൾ കടുപ്പിക്കാനൊരുങ്ങുകയാണ് ഡൽഹി
പൊലീസ്. സംയുക്ത കിസാൻ മോർച്ച നേതാവ് ദർശൻ പാൽ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.
കുറ്റക്കാർക്കെതിരെ രാജ്യദ്രോഹക്കുറ്റം കൂടി ചുമത്താനാണ് പൊലീസ് ആലോചന. ട്രാക്ടർ റാലിക്ക് മുന്നോടിയായി കർഷകനേതാക്കൾ നടത്തിയ പ്രകോപനപ്രസംഗങ്ങളാണ് സംഘർഷത്തിന് കാരണമെന്നാണ് ഡൽഹി പൊലീസിന്റെ പ്രധാന ആരോപണം. മേധാ പട്കർ ഉൾപ്പെടെ 37 കർഷക നേതാക്കൾക്കെതിരെയാണ് പൊലീസ് നിലവിൽ കേസെടുത്തിരിക്കുന്നത്.
സംയുക്ത കിസാൻ മോർച്ച അംഗവും പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനയായ ക്രാന്തികാരി കിസാൻ മോർച്ച നേതാവുമായ ദർശൻ പാൽ സിംഗിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി. പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് അന്വേഷണം വിപുലീകരിച്ചു. ഇന്ന് കൂടുതൽ പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.
19 പേർ അറസ്റ്റിലായി. നേതാക്കളെ അറസ്റ്റ് ചെയ്താൽ അത് സമരത്തിന്റെ ഗതി തന്നെ മാറ്റുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. അതേസമയം തിങ്കളാഴ്ച ആഹ്വാനം ചെയ്ത പാർലമെന്റ് മാർച്ച് മാറ്റി വെച്ചത് തിരിച്ചടി അല്ലെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. എന്നാൽ നിരവധി കർഷക സംഘടനകൾ സമരത്തിൽ നിന്ന് പിന്മാറിയത് തിരിച്ചടി തന്നെയാണ്.
Discussion about this post