ഡൽഹി: പന്ത്രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് ഇരുപത്തിമൂന്ന് ലക്ഷം പേർക്ക് കൊവിഡ് വാക്സിൻ നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനു മുന്നിൽ ഇന്ത്യ കീഴടങ്ങുമെന്ന് കരുതിയവർക്കുള്ള മറുപടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുന്നൂറ് ദശലക്ഷം മുതിർന്ന പൗരന്മാരെയും ഗുരുതര രോഗബാധിതരെയും വാക്സിനേഷന് വിധേയരാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. വരുന്ന മാസങ്ങൾക്കുള്ളിൽ അത് സാധ്യമാകുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൊവിഡ് ബാധ ഏറ്റവും രൂക്ഷമാകുന്ന രാജ്യമാകും ഇന്ത്യയെന്നും രോഗബാധ ഇന്ത്യയെ ശിഥിലമാക്കുമെന്നും പലരും കരുതിയിരുന്നു. എൺപത് കോടി ഇന്ത്യക്കാർ രോഗബാധിതരാകുമെന്നും ഇരുപത് ലക്ഷത്തിലധികം മരണങ്ങൾ രാജ്യത്തുണ്ടാകുമെന്നും പലരും പ്രവചിച്ചിരുന്നു. എന്നാൽ അതൊന്നും സംഭവിച്ചില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഠിനമായ കാലത്ത് ആഗോളമായ ഉത്തരവാദിത്വം ഇന്ത്യ നിറവേറ്റി. വ്യോമപാതകൾ അടച്ചിട്ട നാളുകളിൽ പതിനൊന്ന് ലക്ഷം ജനങ്ങളെ ഇന്ത്യ അവരവരുടെ നാടുകളിൽ എത്തിച്ചു. നൂറ്റിയൻപതിൽധികം രാജ്യങ്ങളിൽ നമ്മൾ മരുന്നെത്തിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Speaking at the @wef’s #DavosAgenda. https://t.co/p6Qc9P0QNL
— Narendra Modi (@narendramodi) January 28, 2021
വരും നാളുകളിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ വാക്സിനുകൾ വരും. പല രാജ്യങ്ങളിലെയും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്വം വാക്സിൻ വിതരണത്തിലൂടെ ഇന്ത്യ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്യവെ വ്യക്തമാക്കി.
Discussion about this post