ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സമരം തുടങ്ങിയതിനു ശേഷം പാക്കിസ്ഥാനില്‍ നിന്നുള്ള ആയുധക്കടത്ത് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. കര്‍ഷക സമരം ശക്തമായതിനു ശേഷം അതിര്‍ത്തിയിലെ അസ്വസ്ഥതകളും ക്രമതീതമായി വര്‍ധിച്ചുവെന്നും അദേഹം വ്യക്തമാക്കി. പാക്കിസ്ഥാന്‍ ഇടപെടലുകളെ കുറിച്ച് കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. ഡ്രോണുകളിലൂടെ ആയുധങ്ങളുടെ കൂടെ പണവും ഹെറോയിനും ഉള്‍പ്പെടെയുള്ളവയും കടത്തുന്നുണ്ട്.
പഞ്ചാബില്‍ പ്രതിസന്ധികളും അസ്വസ്ഥതകളുമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ആരംഭിച്ചപ്പോള്‍ മുതല്‍ പഞ്ചാബില്‍ പ്രശിനങ്ങള്‍ ഉണ്ടാക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നുണ്ടായിരുന്നെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.’രാജ്യത്തിനെതിരെ പാക്കിസ്ഥാനും ചൈനയും ഗൂഢാലോചന നടത്തുകയാണ്.റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണോ എന്നത് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തണമെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വഞ്ചിച്ച് കടന്നു കളഞ്ഞ വിജയി മല്യയും നീരവ് മോദിയുമല്ല കര്‍ഷക നേതാക്കളെന്നും അവര്‍ക്കെതിരെയുള്ള ലുക്കൗട്ട് നോട്ടീസ് പിന്‍വലിക്കണമെന്നും കര്‍ഷകരോട് ദേശീയ തലസ്ഥാനത്തു നിന്ന് അതിര്‍ത്തിയിലേക്ക് തിരിച്ചുപോകാന്‍ അഭ്യര്‍ഥിക്കുന്നതായും പഞ്ചാബ് മുഖ്യമന്ത്രി. പഞ്ചാബിനെ ലക്ഷ്യമിട്ടുള്ള പാക്ക് സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്ത് സജീവമാണെന്നും അമരീന്ദര്‍ പറഞ്ഞു.
Discussion about this post