ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ ഇന്റർനെറ്റ് സൗകര്യങ്ങൾ റദ്ദാക്കിയതോടെ കര്‍ഷക പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്യാനെന്ന വ്യാജേന കലാപശ്രമത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. കാരവന്‍ മാഗസിന്‍ ലേഖകനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ മന്‍ദീപ് പുനിയ, ഓണ്‍ലൈന്‍ ന്യൂ ഇന്ത്യയിലെ ധര്‍മേന്ദര്‍ സിങ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം.
സിംഘു അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് ശേഷം കാരവന്‍ മാഗസിന് വേണ്ടി കര്‍ഷകരെ കാണാനെത്തിയതായിരുന്നു മന്‍ദീപ് പുനിയ. പ്രക്ഷോഭ സ്ഥലത്തിന്റെ കവാടത്തില്‍ വെച്ചുതന്നെ പൊലീസ് ഇവരെ തടഞ്ഞു. തുടര്‍ന്ന് പ്രദേശവാസികളിലൊരാള്‍ ആ വഴി കടന്നുപോയപ്പോള്‍ പൊലീസുകാരുമായി സംസാരിക്കുന്നത് മന്‍ദീപ് വിഡിയോയില്‍ പകര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് മന്‍ദീപിനെയും ധര്‍മേന്ദര്‍ സിങ്ങിനെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും അലിപുര്‍ സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ഇരുവരും ഇപ്പോള്‍ സ്റ്റേഷനിലുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന് ‘ന്യൂസ്ലോന്ഡ്രി’ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുകാരോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി.
സിംഘു അതിർത്തിയിൽ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെ പ്രദേശത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രക്ഷോഭസ്ഥലം കൂറ്റന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടക്കുകയും ചെയ്തു. ഇവിടെ ഇന്‍റര്‍നെറ്റും വിച്ഛേദിച്ചിരിക്കുകയാണ്.
Discussion about this post