പഴനി: സംഭവബഹുലമായ ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം പഴനിയിലെത്തി നേർച്ച നിറവേറ്റി ഇന്ത്യൻ പേസ് ബൗളർ ടി നടരാജൻ. കരിയറിലെ ആദ്യ ടെസ്റ്റ് പരമ്പരയായിട്ടും അത് ഓസ്ട്രേലിയയിൽ അവർക്കെതിരെ ആയിട്ടും അക്ഷോഭ്യനായി പന്തെറിഞ്ഞ നടരാജന്റെ തീപാറും യോർക്കറുകൾ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. പരമ്പരയ്ക്ക് ശേഷം നാട്ടിലെത്തിയ നടരാജൻ ആദ്യം പോയത് പഴനിയിൽ മുരുക ദർശനത്തിനായിരുന്നു.
തന്റെ ജീവിതത്തിലെ എല്ലാ നന്മകൾക്കും നിദാനമായി നടരാജൻ കാണുന്നത് പഴനിമല വാഴും ശ്രീ മുരുകനെയാണ്. ആ വിശ്വാസമാണ് മുടിമുറിച്ച് നേർച്ചയിലൂടെ നടരാജൻ ഊട്ടിയുറപ്പിക്കുന്നത്. നടരാജൻ ക്ഷേത്രത്തിൽ പോയി തല മുണ്ഡനം ചെയ്യുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
നെയ്ത്തുശാലയിലെ തൊഴിലാളിയായിരുന്ന തങ്കരശുവിന്റെയും തെരുവിൽ തട്ടുകട നടത്തിയിരുന്ന ശാന്തയുടെയും 5 മക്കളിൽ മൂത്തവനാണ് നടരാജൻ. അരങ്ങേറ്റ ടൂർണമെന്റിൽത്തന്നെ മികച്ച പ്രകടനം നടത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും ടീം മാനേജ്മെന്റിന്റെയും ആരാധകരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയ ഈ ഇടങ്കയ്യൻ ഫാസ്റ്റ് ബോളർ ഇന്നു തമിഴ്നാടിന്റെ ഹീറോയാണ്. തമിഴ്നാട്ടിലെ സേലത്തുനിന്നു 36 കിലോമീറ്റർ അകലെയുള്ള ചിന്നപ്പംപെട്ടിയെന്ന ചെറുഗ്രാമത്തിൽ തുടങ്ങി ഓസ്ട്രേലിയയിൽ വരെയെത്തി നിൽക്കുന്ന ടി.നടരാജന്റെ വിജയപാതയെ അടിസ്ഥാനമാക്കി ധനുഷ് നായകനായി സിനിമയും അണിയറയിലാണ്.













Discussion about this post