ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് പരമ്പര (2-1) നഷ്ടമായി. സ്വന്തം മണ്ണിൽ ന്യൂസിലൻഡിനോട് ഏകദിന പരമ്പര തോൽക്കുന്ന ആദ്യ ഇന്ത്യൻ നായകൻ എന്ന നാണക്കേട് ഇതോടെ ശുഭ്മാൻ ഗില്ലിന് ലഭിച്ചു. എന്നാൽ ഈ പരമ്പരയിലെ ഇന്ത്യയുടെ ഏക ആശ്വാസം വിരാട് കോഹ്‌ലിയുടെ അവിശ്വസനീയമായ ഫോം മാത്രമാണ്.
മത്സരത്തിനിടെ കോഹ്‌ലി കുടിച്ച ഒരു ‘പ്രത്യേക പാനീയം’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മത്സരം പുരോഗമിക്കുന്നതിനിടെ ഡ്രിങ്ക്സ് ബ്രേക്കിന് ടീം മാനേജ്‌മെന്റ് കൊണ്ടുവന്ന ഒരു കറുത്ത ദ്രാവകം കോഹ്‌ലി കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അത് കുടിച്ച ഉടൻ കോഹ്‌ലി മുഖത്ത് വരുത്തിയ മാറ്റം വെച്ച് നോക്കുമ്പോൾ പിക്കിൾ ജ്യൂസ് ഷോട്ട് ആണ് ഇത് എന്നാണ് സൂചന. ശരീരത്തിലെ ഊർജ നഷ്ടം കുറയ്ക്കാൻ ഇതിന് സാധിക്കും.
കളിക്കിടയിൽ അമിതമായി വിയർക്കുന്നത് മൂലം പേശീവലിവ് ഉണ്ടാകാതിരിക്കാൻ സ്പോർട്സ് താരങ്ങൾ ഈ വെള്ളം കുടിക്കാറുണ്ട്. നേരത്തെ ടെസ്റ്റ് മത്സരത്തിനിടെ യശസ്വി ജയ്‌സ്വാളും സമാനമായ പാനീയം ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പേശീവലിവ് പെട്ടെന്ന് മാറാൻ ഇത് ഏറെ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്.
മത്സരത്തിൽ 108 പന്തിൽ 124 റൺസ് നേടിയ വിരാട് കോഹ്‌ലി ഒറ്റയാൾ പോരാട്ടമാണ് നടത്തിയത്. ന്യൂസിലൻഡിനെതിരെ കോഹ്‌ലി നേടുന്ന ഏഴാം ഏകദിന സെഞ്ച്വറിയാണിത്. കിവികൾക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടുന്ന താരമായി കോഹ്‌ലി മാറി. അവസാനത്തെ 7 ഏകദിന ഇന്നിംഗ്‌സുകളിൽ നിന്ന് 3 സെഞ്ച്വറികളും 3 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ ആറ് തവണ 50-ന് മുകളിൽ സ്കോർ ചെയ്യാൻ വിരാടിനായി.
തന്റെ കരിയറിലെ 54-ാം ഏകദിന സെഞ്ച്വറിയാണ് കോഹ്‌ലി ഇൻഡോറിൽ പൂർത്തിയാക്കിയത്.













Discussion about this post