2020 ഡിസംബര്‍ മാസത്തില്‍ മതമൗലികവാദികൾ തീയിട്ട ഹിന്ദുക്ഷേത്രം പുതുക്കുപ്പണിഞ്ഞ് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് പാക്കിസ്ഥാന്‍ സുപ്രിംകോടതിയുടെ കർശന നിര്‍ദ്ദേശം. ക്ഷേത്രനിര്‍മ്മാണം അടിയന്തിര പ്രാധാന്യത്തോടെ തീര്‍ക്കാന്‍ ഖൈബര്‍ പഖ്ടുന്‍ഖ്വ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി തിങ്കളാഴ്ച്ചയാണ് നിര്‍ദ്ദേശം നല്‍കിയത്.
ക്ഷേത്രം തകര്‍ത്തവരെ കണ്ടെത്തി അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ക്ഷേത്രം പുതുക്കിപ്പണിത് നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ക്ഷേത്രനിര്‍മ്മാണത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കണമെന്നും നിര്‍മ്മാണത്തിന്റെ പുരോഗതി കൃത്യമായി കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് നിര്‍ദ്ദേശിച്ചു.
ക്ഷേത്രം പുതുക്കിപ്പണിയാന്‍ ഏകദേശം 30.41 കോടി രൂപ വേണ്ടിവരുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ക്ഷേത്രം പണിയുമെന്ന് സര്‍ക്കാര്‍ മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് വിവരം.1920ല്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്രം കഴിഞ്ഞവര്‍ഷം ഡിസംബര്‍ 30നാണ് തകര്‍ക്കപ്പെട്ടത്.
കോടതിയുടെ നിര്‍ദ്ദേശം സ്വാഗതം ചെയ്യുന്നുവെന്നും ഈ ക്ഷേത്രപുനര്‍നിര്‍മ്മാണ സമയത്ത് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കണമെന്നും പാക്കിസ്ഥാനിലെ ഹിന്ദു കൗണ്‍സില്‍ തലവന്‍ രമേഷ് കുമാര്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് പരംഹന്‍സ് ക്ഷേത്രം അക്രമികളാല്‍ തകര്‍ക്കപ്പെടുന്നത്. 1997ല്‍ ഭാഗികമായി തകര്‍ക്കപ്പെട്ട ക്ഷേത്രം പിന്നീട് 2015ല്‍ സര്‍ക്കാര്‍ ഇടപെട്ട് പുനര്‍നിര്‍മ്മിച്ചിരുന്നു.
Discussion about this post