കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മമതയെന്നല്ല ആര് വിചാരിച്ചാലും തടയാനാവില്ലെന്നും അദ്ദേഹം ബംഗാളിൽ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് കിംവദന്തികൾ പരത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും വാക്സിൻ വിതരണം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ പുനരാരംഭിക്കും. ഇത് പാർലമെന്റിൽ പാസാക്കിയ നിയമമാണ്. ആർക്കും നിയമം നിഷേധിക്കാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
മുസ്ലീങ്ങളുടെ പൗരത്വം ഇല്ലാതാക്കുന്ന ഒരു വ്യവസ്ഥയും നിയമത്തിൽ ഇല്ലെന്ന് അമിത് ഷാ ആവർത്തിച്ചു. കഴിഞ്ഞ എഴുപത് വർഷമായി രാജ്യത്ത് താമസിക്കുന്നവർക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയാണ് നിയമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിതർ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി മോദി സർക്കാർ നടപ്പിലാക്കിയ പദ്ധതികളും അമിത് ഷാ വിശദീകരിച്ചു.
പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടികളെയും അമിത് ഷാ വിമർശിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും മരണ നിരക്ക് ബംഗാളിൽ കൂടുതലാണ്. അക്രമങ്ങളും കലാപങ്ങളും ബംഗാളിൽ തുടർക്കഥയാണ്. ഇതാണോ മമതയുടെ വികസനമെന്നും അമിത് ഷാ ചോദിച്ചു. താക്കൂർ നഗറിൽ ഒരു പൊതൊയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്ക് വരുന്ന ഏപ്രിൽ -മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.
Discussion about this post