ഡൽഹി: കാനഡക്ക് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ കാനഡക്ക് വാക്സിൻ വിതരണം ചെയ്യുന്നത്.
ട്രൂഡോയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായും കാനഡക്ക് എത്രയും വേഗം കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്ന കാനഡ വസ്തുതകൾ മനസ്സിലാക്കി നിലപാട് മാറ്റിയിരുന്നു. അത് ഇന്ത്യ സ്വാഗതം ചെയ്തിരുന്നു.
കർഷക സമരത്തിൽ ഇന്ത്യാ ഗവണ്മെന്റ് സ്വീകരിക്കുന്ന നിലപാടുകൾക്ക് ഒപ്പം നിൽക്കുന്നതായും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പ് വരുത്തുമെന്നും ട്രൂഡോ മോദിയെ അറിയിച്ചിരുന്നു.
ലോകത്തെ വിവിധ രാജ്യങ്ങൾക്ക് കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ഇന്ത്യ ആഗോള വാക്സിൻ ദാതാവ് എന്ന നിലയിൽ ലോകത്തെ സഹായിക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു. ഇന്ത്യയെ ലോകത്തിന്റെ ഫാർമസി എന്നാണ് ബ്രിട്ടൺ വിശേഷിപ്പിച്ചത്.
Discussion about this post