ഡൽഹി: യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം. രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്.
കർശന വ്യവസ്ഥകളോടെയാണ് ജാമ്യം. ഉത്തർ പ്രദേശ് പൊലീസിന്റെ മേൽനോട്ടത്തിലാവണം കാപ്പന്റെ കേരള യാത്രയെന്ന് സുപ്രീം കോടതി നിഷ്കർഷിച്ചു. സിദ്ദിഖ് കാപ്പന്റെ വീടിന് കാവൽ ഏർപ്പെടുത്തണം.
മാധ്യമങ്ങൾക്ക് സിദ്ദിഖ് കാപ്പൻ അഭിമുഖങ്ങൾ നൽകാൻ പാടില്ല. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ല.അടുത്ത ബന്ധുക്കളെയും ഡോക്ടർമാരെയും മാത്രമേ കാണാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി.
ഹത്രാസിൽ കലാപം നടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സിദ്ദിഖ് കാപ്പനെ യു പി പൊലീസ് അറസ്റ്റ് ചെയ്തത്. സിദ്ദിഖ് കാപ്പൻ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയാണ്. 2018ല്‍ പ്രവര്‍ത്തനം നിര്‍ത്തിയ പത്രത്തിന്റെ ഐഡി കാര്‍ഡ് കാണിച്ച് ഇയാള്‍ മാദ്ധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചെന്നും സിദ്ദിഖിനൊപ്പം പിടിയിലായവരും സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഉത്തർ പ്രദേശിൽ കലാപം സൃഷ്ടിക്കാൻ നൂറ് കോടി രൂപ എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പടെ നാല് പേരെ ചോദ്യം ചെയ്തിരുന്നു. കൂടാതെ ഡല്‍ഹി കലാപത്തിന് സാമ്പത്തിക സഹായം നല്‍കിയതിന് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ഇല്യാസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
മലപ്പുറം സ്വദേശിയായ സിദ്ധിഖ് കാപ്പനൊപ്പം മുസാഫർ നഗർ സ്വദേശി അതീഖ് ഉർ റഹ്മാൻ, മസൂദ് അഹമ്മദ്, രാംപുർ സ്വദേശി ആലം എന്നിവരാണ് അറസ്റ്റിലായത്. ഹത്രാസിലേക്കുള്ള യാത്രാമധ്യേ ഒക്ടോബർ അഞ്ചിനായിരുന്നു മഥുരയിൽ നിന്നും പ്രതികൾ പിടിയിലായത്.
Discussion about this post