ബീജിംഗ്: ഇന്ത്യയുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും റിപ്പോർട്ട് ഒടുവിൽ ഭാഗികമായി അംഗീകരിച്ച് ചൈന. ജൂൺ മാസത്തിൽ ഗാല്വൻ താഴ്വരയിൽ നടന്ന സംഘർഷങ്ങളിൽ ഇന്ത്യൻ പ്രതിരോധത്തിൽ ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായി ചൈന അംഗീകരിച്ചു. നാല് പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് ചൈന അംഗീകരിച്ചിരിക്കുന്നത്. എന്നാൽ നാൽപ്പത്തിയഞ്ച് ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായി ഇന്ത്യയും അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു.
കാരക്കോറം പർവ്വത നിരകളിലെ അതിർത്തി സംഘർഷങ്ങളിൽ ചൈനീസ് ഉദ്യോഗസ്ഥർ ജീവത്യാഗം ചെയ്തതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉദ്യോഗസ്ഥരായ ചെൻ ഹോംഗ്ജുൻ, ചെൻ സിയാംഗ്രോംഗ്, സിയാവോ സിയുവാൻ, വാംഗ് ഷുവോറൻ എന്നിവരുടെ പേരുകളും പത്രം പുറത്ത് വിട്ടു.
നേരത്തെ ഗാൽവനിൽ കടന്നു കയറാൻ ശ്രമിച്ച നാൽപ്പത്തിയഞ്ച് ചൈനീസ് പട്ടാളക്കാരെ ഇന്ത്യ വകവരുത്തിയെന്ന കണക്ക് ശരിവച്ച് റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പുറത്തു വിട്ട കണക്കുകളും ഇത് സാധൂകരിക്കുന്നവയായിരുന്നു.
അതേസമയം ഗാൽവനിൽ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് ചൈന നേരത്തെ പറഞ്ഞിരുന്നത്. ഒരു കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടും അത് അംഗീകരിക്കാൻ ചൈന തയ്യാറായിരുന്നില്ല.
നാൽപ്പത്തിയഞ്ച് പേർ കൊല്ലപ്പെട്ടപ്പോൾ അതിൽ നാല് പേരുടെയെങ്കിലും പേര് പുറത്തു വിടാൻ ചൈന നിർബന്ധിതമായത് അവരുടെ മുഴുവൻ വാദഗതികളും പരാജയപ്പെട്ടപ്പോഴാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.












Discussion about this post