മുംബൈ: കേരളത്തിന് പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് നിയന്ത്രണങ്ങൾ പാളുന്നു. എഴുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് അയ്യായിരത്തിന് മുകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മാത്രം 736 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അമരാവതി, യവത്‌മാൾ ജില്ലകളിലാണ് കൂടുതൽ രോഗികൾ. കോവിഡിന്റെ ബ്രസീൽ വകഭേദം നിയന്ത്രിക്കുന്നതിനായി ബ്രസീലിൽനിന്നു മുംബൈയിൽ എത്തുന്നവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച, മഹാരാഷ്ട്രയിൽ 4092 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡിസംബറിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് നാലായിരത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
കോവിഡ് രോഗികൾ വീണ്ടും ക്രമാതീതമായി വർധിക്കുന്നത് മഹാരാഷ്ട്രയിൽ ആശങ്കയുളവാക്കുന്നുണ്ട്. ബുധനാഴ്ച 4,787 പേർക്കും വ്യാഴാഴ്ച 5000ത്തിന് മുകളിലും കേസുകൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ആരോഗ്യമന്ത്രി രാജേഷ് തോപ്പെയ്ക്കും ജലവിഭവ മന്ത്രിയും സംസ്ഥാന എൻസിപി അധ്യക്ഷനുമായ ജയന്ത് പാട്ടീലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post