ഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായക സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് തീയതി മാർച്ച് ഏഴിന് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രധാനമന്ത്രി നൽകിയ സൂചന. അസമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
‘കഴിഞ്ഞ തവണ മാർച്ച് നാലിന് ആയിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പക്ഷേ, ഞാൻ മനസ്സിലാക്കുന്നത് അടുത്ത മാസം ഏഴോട് കൂടി അതായത് മാർച്ച് ആദ്യവാരം അവസാനിക്കുന്നതോട് കൂടി ഈ തീയതി പ്രഖ്യാപിക്കും എന്നുള്ളതാണ്.‘ ഇതായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
ഫെബ്രുവരി അവസാനവാരം അല്ലെങ്കിൽ മാർച്ച് ആദ്യം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഉടൻ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പരമാവധി എത്താൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post