ചെന്നൈ: തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി. കരുണാനിധിയുടെ കൊച്ചുമകനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനെ നേരിടാൻ താരറാണി ഖുശ്ബുവിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. ഉദയനിധി ചെപ്പോക്കിൽ മത്സരിക്കുമെന്നാണ് സൂചന. ഖുശ്ബുവും ചെപ്പോക്ക് കേന്ദ്രീകരിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ഡിഎംകെ നേതാവായ ജെ. അന്‍പഴകനായിരുന്നു ചെപ്പോക്കിൽ നിന്നും വിജയിച്ചത്. കോവിഡ് ബാധിച്ച് അന്‍പഴകന്‍ മരിച്ചതിനെത്തുടര്‍ന്ന് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. നാലുമാസം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ഖുശ്ബു ബി.ജെ.പി.യില്‍ ചേര്‍ന്നത്. മണ്ഡലത്തില്‍ ഓഫീസ് ആരംഭിച്ച് ഖുശ്ബു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കരുണാനിധി 1996 മുതല്‍ തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച മണ്ഡലമാണ് ചെപ്പോക്ക്.
തമിഴ്നാട്ടിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് ചലച്ചിത്ര താരം ഖുശ്ബു. സ്ത്രീകൾക്കിടയിൽ ഖുശ്ബുവിന് വലിയ പിന്തുണയുണ്ട്. കോൺഗ്രസ് നിർജീവാവസ്ഥയിൽ ആണെന്നും പാർട്ടിയിൽ നിന്ന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.
ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിന്റെ സിറ്റിങ് സീറ്റായ ബോഡി നായ്ക്കന്നൂരാണ് വാശിയേറിയ പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. ഇവിടെ ശശികല പക്ഷത്തിന്റെ ദിനകരനാകും ഒപിഎസിന്റെ മുഖ്യ എതിരാളി.
സ്റ്റാലിൻ മത്സരിക്കുന്ന കൊളത്തൂർ മണ്ഡലവും ഇക്കുറി ശ്രദ്ധാകേന്ദ്രമാകുകയാണ്. സ്റ്റാലിനെതിരെ മത്സരിക്കുമെന്ന് നാം തമിഴർ കക്ഷി നേതാവ് സീമാൻ വ്യക്തമാക്കിയിട്ടുണ്ട്. മികച്ച പ്രാസംഗികനും ജനപിന്തുണയുള്ള നേതാവുമാണ് സീമാൻ.
Discussion about this post