പുതുച്ചേരി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പുതുച്ചേരിയിൽ പ്രചാരണം ശക്തമാക്കി ബിജെപി. കേന്ദ്രമന്ത്രി അമിത്ഷാ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി പുതുച്ചേരിയിൽ എത്തിയതോടെ പ്രചാരണപരിപാടികൾക്ക് ചൂടുപിടിച്ചു. കാരൈക്കലിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കവേ കോൺഗ്രസിനെതിരെ അമിത്ഷാ ആഞ്ഞടിച്ചു.
കുറേക്കാലമായി കോൺഗ്രസ് നേതാക്കൾ പൊതുരംഗത്ത് നിന്ന് അവധിയെടുത്തിരിക്കുയാണ്. അതുകൊണ്ടാണ് മത്സ്യബന്ധന മന്ത്രാലയം ഇല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് അറിയാതെ പോയത്. 2019 ൽ തന്നെ എൻഡിഎ ഇത് രൂപീകരിച്ചിട്ടുണ്ടെന്ന് ജനങ്ങൾ തന്നെ കോൺഗ്രസ് നേതാക്കളോട് പറഞ്ഞുകൊടുക്കണമെന്നും അമിത്ഷാ പരിഹസിച്ചു.
ഈ തെരഞ്ഞെടുപ്പിൽ പുതുച്ചേരിയിൽ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കും. രാഷ്ട്രീയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്ന് ഷാ അവകാശപ്പെട്ടു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുതുച്ചേരിയിൽ വന്നില്ലേ? എന്തുകൊണ്ടാണ് ഇവിടെ ഫിഷറീസ് വകുപ്പ് ഇല്ലാത്തതെന്നും ചോദിച്ചില്ലേ? അത്തരമൊരു നേതാവിനെയാണോ നിങ്ങൾക്ക് വേണ്ടതെന്ന് ജനങ്ങൾ ആലോചിക്കണമെന്നും ഷാ പറഞ്ഞു.
2019 ൽ തന്നെ നരേന്ദ്ര മോദി സർക്കാർ ഫിഷറീസ് വകുപ്പ് ആരംഭിച്ചതായി അവർക്കറിയില്ല. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പാർട്ടിക്ക് രണ്ട് വർഷമായി രാജ്യത്ത് ഫിഷറീസ് വകുപ്പ് ആരംഭിച്ചുവെന്ന് പോലും അറിയില്ലേ എന്ന് പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുതുച്ചേരിയ്ക്ക് വേണ്ടി എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ ചെയ്യാൻ ആ പാർട്ടിക്ക് കഴിയുമോ എന്നും അമിത് ഷാ ചോദിച്ചു.
മോദി പ്രധാനമന്ത്രിയായതുമുതൽ പുതുച്ചേരിയെ രാജ്യത്തിന് തന്നെ മാതൃകയാക്കുന്ന തരത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. 115 പദ്ധതികൾ കൂടി പ്രധാനമന്ത്രി മോദി പുതുച്ചേരിക്കായി മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് സർക്കാർ ഈ പദ്ധതികളെ അവഗണിച്ചു. പുതുച്ചേരിയ്ക്കായുള്ള കുടിവെള്ള പദ്ധതിയെ തകർക്കാൻ നാരായണസാമിയുടെ സർക്കാർ പ്രവർത്തിച്ചതായി ഷാ പറഞ്ഞു. വികസനത്തിനായി ഇന്ത്യാ സർക്കാർ പതിനയ്യായിരം കോടി രൂപ അയച്ചു. ഈ പണം നിങ്ങളുടെ ഗ്രാമങ്ങളിൽ വന്നിട്ടുണ്ടോ? നാരായണസാമിയുടെ സർക്കാർ ഈ പതിനയ്യായിരം കോടി രൂപ ഗാന്ധി കുടുംബത്തിന്റെ സേവനത്തിനായി ഡൽഹിയിലേക്ക് അയച്ചു.
ബിജെപി തങ്ങളുടെ സർക്കാരിനെ ഇവിടെ അട്ടിമറിച്ചുവെന്ന് കോൺഗ്രസ് ആരോപിക്കുന്നു. നാരായണസാമി കൊടുങ്കാറ്റിന്റെ സമയത്ത് ദുരിതബാധിതരെ കാണാൻ പോയില്ലെന്നും അവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നും അമിത് ഷാ ആരോപിച്ചു. ഇതൊക്കെ കണ്ട ജനങ്ങളാണ് സർക്കാരിനെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post