ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മുവിൽ വെള്ളിയാഴ്ച നടന്ന ഒരു റാലിയിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്.
തന്റെ വേരുകളോട് സത്യസന്ധത പുലർത്തുകയും താൻ അനുഭവിച്ച കഷ്ടപ്പാടുകൾ എന്ന യാഥാർത്ഥ്യത്തിൽ നിന്നും ഒളിച്ചോടാതിരിക്കുകയും ചെയ്യുന്നതാണ് നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ സവിശേഷത. രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി അദ്ദേഹത്തിന്റെ ഈ ഗുണങ്ങൾ താൻ ഇഷ്ടപ്പെടുന്നുവെന്ന് ആസാദ് പറഞ്ഞു.
‘പല നേതാക്കളുടെയും നന്മകൾ എനിക്ക് ഇഷ്ടമാണ്. ഞാൻ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. താൻ ഒരു ഗ്രാമത്തിൽ നിന്നാണ് വരുന്നത് എന്ന കാര്യം നമ്മുടെ പ്രധാനമന്ത്രിയും അംഗീകരിക്കുന്നു. അദ്ദേഹം ഒരിക്കലും തന്റെ യാഥാർത്ഥ്യം മറച്ച് വെക്കുന്നില്ല. തന്റെ വേരുകൾ മറക്കുന്നില്ല. രാഷ്ട്രീയമായി വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ ഗുണങ്ങൾ ഞാൻ ഇഷ്ടപ്പെടുന്നു.‘ ഇതായിരുന്നു ഗുലാം നബി ആസാദിന്റെ വാക്കുകൾ.
പാർലമെന്റിലെ യാത്രയയപ്പിൽ ഗുലാം നബി ആസാദിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വികാരാധീനനായിരുന്നു. പ്രസംഗത്തിനിടെ കണ്ണുകള്‍ നിറഞ്ഞ്, കണ്ഠമിടറിയാണ് മോദി സംസാരിച്ചത്. ഗുലാം നബി ആദരണീയനായ വ്യക്തിയാണ്. രാഷ്ട്രീയത്തിനും അധികാരത്തിനും മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Discussion about this post