മുംബൈ: ബാന്ദ്രയിലെ കറാച്ചി ബേക്കറി പൂട്ടി. പാക് പേരിനെച്ചൊല്ലിയുള്ള പ്രതിഷേധം കാരണമാണ് ബേക്കറി പൂട്ടിയതെന്ന് മഹാരാഷ്ട്ര നവനിർമാൺസേന അവകാശപ്പെട്ടു. ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ബേക്കറിക്കെതിരേ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയിരുന്നു.
പാകിസ്താനി പേരുള്ള സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നായിരുന്നു എം എൻ എസിന്റെ വാദം. എം.എൻ.എസിന്റെ പ്രതിഷേധം കാരണമാണ് കറാച്ചി ബേക്കറി പൂട്ടിയതെന്ന് പാർട്ടി വൈസ് പ്രസിഡന്റ് ഹാജി സൈഫ് ശൈഖ് അവകാശപ്പെട്ടു. ബേക്കറിയുടെ പേരു മാറ്റണമെന്നതായിരുന്നു തങ്ങളുടെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
ബാന്ദ്രയിൽ കറാച്ചി ബേക്കറി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് പുതിയ ഐസ് ക്രീം പാർലർ പ്രവർത്തനമാരംഭിച്ചു. അതേസമയം പ്രതിഷേധം മൂലമാണ് ബേക്കറി പൂട്ടിയതെന്ന വാദം ഉടമസ്ഥർ തള്ളിക്കളഞ്ഞു. കോവിഡ് കാരണം കച്ചവടം കുറഞ്ഞതാണ് കാരണമെന്നാണ് ഉടമകളുടെ വാദം.
Discussion about this post