ഡൽഹി: ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ് കൊണ്ടു വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിനെതിരെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ കൊണ്ടു വന്ന അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്.
പ്രതിപക്ഷത്തിന്റെ 32 വോട്ടുകൾക്കെതിരെ 55 അംഗങ്ങളുടെ പിന്തുണയാണ് ഘട്ടർ സർക്കാരിന് ലഭിച്ചത്. കർഷക സമരം ഇടനിലക്കാരുടെ സമരമാണെന്നും യഥാർത്ഥ കർഷകർ കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കൊപ്പമാണെന്നും ഘട്ടർ വ്യക്തമാക്കിയിരുന്നു. തന്റെ നിലപാടിന് ഹരിയാന നിയമസഭ നൽകിയ അംഗീകാരമാണ് ഈ വിജയമെന്ന് ഘട്ടർ വ്യക്തമാക്കി.
കാർഷിക നിയമങ്ങളെ 2014ൽ അംഗീകരിച്ച ഹൂഡയുടെ ഇപ്പോഴത്തെ നിലപാട് മാറ്റം ഇരട്ടത്താപ്പാണെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. കോൺഗ്രസിന്റെ നിലപാടുകളിലെ സ്ഥിരതയില്ലായ്മയാണ് ആ പാർട്ടിയുടെ തകർച്ചയ്ക്ക് കാരണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടർ വ്യക്തമാക്കി.
Discussion about this post