പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്നും എന്‍എസ്‌എസ് സംസ്ഥാന സർക്കാരിനോട് ചോദിച്ചു.
വാക്കുകളിൽ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് വിശാല ബെഞ്ചിന്റെ മുന്നില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടത്. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു.
വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാര്‍ഗവും സ്വീകരിച്ച് കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. തുടര്‍ന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവ വികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണെന്നും എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നേരത്തെ ശബരിമല വിഷയത്തിലെ കടകംപള്ളിയുടെ പ്രസ്താവനയെ വിമർശിച്ച് ബിജെപിയും സന്യാസി സമൂഹവും പന്തളം കൊട്ടാരവും രംഗത്ത് വന്നിരുന്നു. ഇതോടെ ശബരിമലയില്‍ ചര്‍ച്ച വേണ്ടെന്ന് നേതാക്കള്‍ക്ക് സിപിഎം നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്. ശബരിമല ചര്‍ച്ചയാകുന്നത് തിരിച്ചടിയാകുമെന്ന ഭയത്തിലാണ് ഇത്.












