തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം ആരംഭിക്കാനിരിക്കെ സിപിഐയിലെ വിഭാഗീയത മറനീക്കി പുറത്ത്. സിപിഐ സ്ഥാനാർത്ഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്ന് സമ്മതിച്ചു. സ്വകാര്യ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സ്ഥാനാർത്ഥി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ പിഴവാണെന്ന് കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. പട്ടികയിലെ സ്ത്രീസാന്നിധ്യം രണ്ടിലേക്ക് ഒതുങ്ങിയ സാഹചര്യത്തിലായിരുന്നു കാനത്തിന്റെ പ്രതികരണം. മൂന്ന് വനിതാ സ്ഥാനാർത്ഥികളെങ്കിലും പട്ടികയിൽ വേണ്ടതായിരുന്നുവെന്നും കാനം വിമർശനം ഉന്നയിച്ചു.
ചടയമംഗലത്ത് ചിഞ്ചുറാണിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച പ്രശ്നങ്ങൾ സിപിഐയിലെ ഭിന്നത രൂക്ഷമാക്കിയിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി പ്രകടമാക്കി ചടയമംഗലത്ത് പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞ് പ്രകടനം നടത്തിയിരുന്നു. എന്നാൽ പ്രാദേശികമായ എതിർപ്പുകൾ കാര്യമായി എടുക്കേണ്ടതില്ല എന്നാണ് കാനത്തിന്റെ നിലപാട്.











