കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ അൽപ്പസമയത്തിനകം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ നടക്കാനിരിക്കെ മഞ്ചേശ്വരത്ത് പ്രവർത്തകർക്കിടയിൽ ആവേശമായി ഹെലികോപ്ടറിൽ പറന്നിറങ്ങി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
മഞ്ചേശ്വരം മണ്ഡലത്തിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ മിന്നൽ സന്ദർശനം. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രിയ നേതാവിന് വൻ സ്വീകരണമാണ് നാട്ടുകാർ ഒരുക്കിയത്. മഞ്ചേശ്വരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനാണ് കെ സുരേന്ദ്രൻ എത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. കേരള ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളെ അറിയിച്ചു.
കേരള ഘടകം സമർപ്പിച്ച പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകുകയായിരുന്നു. കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ്, വി വി രാജേഷ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മത്സര രംഗത്തുണ്ടാകുമെന്നാണ് വിവരം. സുരേഷ് ഗോപിയും പട്ടികയിലുണ്ടാകാനാണ് സാദ്ധ്യത.












