തിരുവനന്തപുരം: കടകംപള്ളിക്കെതിരായ മത്സരം ഈശ്വര നിയോഗമെന്ന് കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ധര്‍മ്മയുദ്ധമാണ് കഴക്കൂട്ടത്ത് നടക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതില്‍ നിമിത്തമാകാന്‍ സാധിച്ചത് ഈശ്വരേച്ഛയാണെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
ശബരിമല വിഷയത്തിനൊപ്പം എന്‍ഡിഎ സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിലെ ആചാരലംഘനത്തിന് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സംവിധാനം ഒരുക്കിയതിന് നേതൃത്വം കൊടുത്ത ആളാണ് കടകംപള്ളി സുരേന്ദ്രന്‍. താനുള്‍പ്പെടുന്ന അമ്മമാര്‍ ആഴ്ചകളോളം നാമം ജപിക്കാനുള്ള അവകാശപ്പോരാട്ടത്തിനായി തെരുവില്‍ കഴിഞ്ഞു. ഒരു ഭാഗത്ത് വിശ്വാസ സംരക്ഷകരും മറുഭാഗത്ത് വിശ്വാസ ഘാതകരും ആയിരുന്നു ശബരിമല വിഷയത്തില്‍ അണിനിരന്നത്.
ആചാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിക്കാതെ പോയത് വിശ്വാസി സമൂഹത്തിന്റെ ദൃഢപ്രതിജ്ഞ കൊണ്ടും ഉള്‍ക്കൊഴ്ച കൊണ്ടുമാണ്. വിശ്വാസി സമൂഹത്തോട് തെറ്റ് ചെയ്തുവെന്ന് സ്വയം ഉറപ്പുണ്ടായിട്ടും അത് തുറന്ന് പറയാന്‍ പോലും ആര്‍ജ്ജവം കാണിക്കാതെ ജനങ്ങളോട് വോട്ട് ചോദിക്കുന്ന കടകംപള്ളി സുരേന്ദ്രനെതിരേ മത്സരിക്കുന്നത് ഈശ്വര നിശ്ചയമായിട്ടാണ് കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
കഴക്കൂട്ടത്തെ ജനങ്ങള്‍ കടകംപള്ളിക്ക് നല്‍കിയ അവകാശം ഇക്കുറി അവര്‍ തിരിച്ചെടുക്കും. വിശ്വാസത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നാണ് സീതാറാം യെച്ചൂരി പറഞ്ഞത്. സീതാറാം യെച്ചൂരിക്ക് മറുപടി പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. യെച്ചൂരിയെ തിരുത്താന്‍ ശ്രമിക്കാത്തിടത്തോളം എല്ലാവരുമായും ചര്‍ച്ച ചെയ്ത് മാത്രമേ അന്തിമ നിലപാട് സ്വീകരിക്കുവെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം കഴക്കൂട്ടം നിയോജക മണ്ഡലത്തിലെത്തിയ ശോഭാ സുരേന്ദ്രന് ഉജ്ജ്വല വരവേല്‍പ്പാണ് ജനങ്ങൾ നൽകിയത്. ശബരിമലയിൽ ആചാരലംഘനത്തിന് കാരണക്കാരായ കടകംപള്ളിക്കും ഇടത് സർക്കാരിനുമെതിരെ പോരാടാനെത്തിയ ശോഭാ സുരേന്ദ്രനെ പുഷ്പവൃഷ്ടിയോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് എത്തിയത്.
Discussion about this post