കൊല്ലം: തെരഞ്ഞെടുപ്പിനും ക്യാപ്‌സൂള്‍ പ്രചാരണവുമായി രംഗത്തിറങ്ങാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി സിപിഎം. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയും ‘ക്യാപ്‌സ്യൂള്‍’ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കണമെന്ന് സൈബര്‍ സഖാക്കളോട് സി.പി.എം.ആവശ്യപ്പെട്ടിട്ടുണ്ട്.
നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉള്‍പ്പെടുത്തിയാണ് ക്യാപ്‌സ്യൂള്‍ തയ്യാറാക്കുന്നത്. ഇവ വ്യക്തികള്‍ക്കും കുടുംബ ഗ്രൂപ്പുകള്‍ക്കും അയച്ചുകൊടുക്കണം.ഫേസ് ബുക്ക് അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങള്‍ അതത് ഗ്രൂപ്പുകളിലെത്തിക്കും. ആ മേഖലകളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിലുണ്ടായ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.രാഷ്ട്രീയ എതിരാളികളോട് സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റുമുട്ടരുത്. മറ്റ് പാര്‍ട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ ‘ട്രോള്‍’ വഴി ആക്ഷേപിക്കരുത്. എന്നീ നിര്‍ദേശങ്ങളും പാര്‍ട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്.
ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദര്‍ശിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ് സാമൂഹികമാധ്യമ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ വിഷയത്തില്‍ ചില ‘സൈബര്‍ സഖാക്കള്‍’ സമൂഹമാധ്യമങ്ങളില്‍ അശ്ലിലപദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ബിജെപിയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി നേതൃത്വം രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത കാട്ടണമെന്നാണ് നിര്‍ദേശം.









