കോഴിക്കോട്: സംസ്ഥാനത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ഉടമകൾ അറിയാതെ അക്കൗണ്ടുകളിൽ നിന്നും വൻ തുകകൾ തട്ടിയെടുത്തതായാണ് പരാതികൾ ഉയരുന്നത്. 11 പേരാണ് ഇതിനകം തന്നെ വടകര പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
ഇരുപതിനായിരം രൂപ നഷ്ടമായതായി കാട്ടി വടകര സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി പരാതി നൽകി. ശനിയാഴ്ച വൈകീട്ട് 3.55 നാണ് 10,000 രൂപ വീതം രണ്ട് തവണയായി എസ്ബിഐ അക്കൗണ്ടിൽ നിന്നും നഷ്ടമായത്. എടിഎം കാര്‍ഡ് വഴി പണം പിന്‍വിച്ചുവെന്നാണ് മൊബൈലില്‍ സന്ദേശമെത്തിയത്. എടിഎം കാര്‍ഡ് ഇവരുടെ കൈവശം തന്നെയുണ്ട്. പിന്‍ നമ്പർ ആര്‍ക്കും കൈമാറിയില്ലെന്നും പരാതിക്കാരി പറയുന്നു. തലശേരി കോ ഓപറേറ്റീവ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ സ്കോളർഷിപ്പ് തുകയാണ് നഷ്ടമായിരിക്കുന്നത്.
വടകര സ്വദേശിയായ തോമസിന്റെ അക്കൗണ്ടിൽ നിന്നും നാൽപ്പതിനായിരം രൂപയാണ് നഷ്ടമായിരിക്കുന്നത്. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പണം നഷ്ടമായിരിക്കുന്നത്.
എടിഎം കാര്‍ഡിന്‍റെ വിവരങ്ങളും പിന്‍ നമ്പറും ചോർത്തിയുള്ള തട്ടിപ്പാണിതെന്നാണ് പൊലീസ് പറയുന്നത്. ആസൂത്രിതമായുള്ള തട്ടിപ്പിന് പിന്നില്‍ സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരാകാനാണ് സാദ്ധ്യതയെന്നും പൊലീസ് പറയുന്നു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
Discussion about this post