ശക്തമായ പ്രഹരശേഷി, ഉയർന്ന ചലനാത്മകത, അതീവ സൈനികസുരക്ഷ , ഏത് കാലാവസ്ഥയിലും ശക്തമായ തിരിച്ചടി ശത്രുക്കൾക്ക് ഉറപ്പ് – ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച അർജുൻ യുദ്ധടാങ്കുകളുടെ പ്രത്യേകതകളാണിത് . പേര് പോലെ തന്നെ കരുത്തൻ .
മാർക്ക് 1 എ ശ്രേണിയിലുള്ള അർജുൻ യുദ്ധടാങ്ക് രൂപകല്പന ചെയ്തത് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.യാണ്. ഇതിന്റെ കീഴിലുള്ള ചെന്നൈ ആവഡിയിലെ കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെൻറിലാണ് നിർമിച്ചത്.
ഒട്ടേറെ സവിശേഷതകളോടെയാണ് പുതിയ അർജുൻ ടാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. രാത്രിയും പകലുമടക്കം ഏതു കാലാവസ്ഥയിലും ദൗത്യം നിറവേറ്റാനും ശത്രുക്കളുടെ ആക്രമണങ്ങൾ നേരിടാനും അർജുൻ ടാങ്കുകൾക്കാവും. ഇതിലെ ടാർഗറ്റ് കൺസോൾ, വെപ്പൺ ഹാൻഡ്‌ലിങ് സംവിധാനങ്ങൾ പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമാണ്. ഡി.ആർ.ഡി.ഒ.യ്ക്കൊപ്പം 15 അക്കാദമിക് സ്ഥാപനങ്ങളും എട്ടു ലാബുകളും ഒട്ടേറെ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും നിർമാണത്തിൽ സഹകരിച്ചു.
അങ്ങേയറ്റം വിശ്വസനീയമായ യുദ്ധവാഹനമെന്നാണ് അർജുൻ മാർക്ക് 1 എ-യെ ഡി.ആർ.ഡി.ഒ. വിശേഷിപ്പിക്കുന്നത്. മുൻ ടാങ്കുകളെക്കാളും 71-ൽപ്പരം അധിക സവിശേഷതകളാണ് അർജുൻ ടാങ്കുകൾക്ക് ഉള്ളത് .അർജുൻ ടാങ്കുകളുടെ അവസാന പതിപ്പായ അർജുൻ മാർക് 1 നിലവിൽ രാജസ്ഥാനിലെ രണ്ട് റെജിമെന്റിലാണ് ഉപയോഗിക്കുന്നത്. 8,400 കോടി രൂപ മുടക്കി 118 അർജുൻ മാർക്ക് 1 എ ടാങ്കുകൾ ഇന്ത്യൻ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിന് പ്രതിരോധ മന്ത്രാലയം അടുത്തിടെ തീരുമാനമെടുത്തിരുന്നു.
വരും വർഷങ്ങളിൽ പ്രതിരോധ മേഖലയിൽ വൻ മുന്നേറ്റങ്ങളാണ് നടക്കാൻ പോകുന്നത്. അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ് രാജ്യങ്ങളെ പോലെ ഇന്ത്യയും യുദ്ധവിമാനവും മിസൈലുകളും കയറ്റുമതി ചെയ്യാൻ പോകുകയാണ്. അതിനൊപ്പമാണ് തദ്ദേശീയമായി യുദ്ധടാങ്കുകളും , പ്രതിരോധ സാമഗ്രികളും നിർമ്മിക്കുന്നതിൽ ഇന്ത്യ കഴിവ് തെളിയിക്കുന്നത്.
ഉത്തരേന്ത്യ ഇനി കാക്കുന്നത് തമിഴ്നാട്ടിൽ നിർമ്മിച്ച ഈ ടാങ്കുകളായിരിക്കുമെന്ന് പ്രധാനമത്രി നരേന്ദ്രമോദി അർജുൻ ടാങ്ക് രാജ്യത്തിനു സമർപ്പിക്കുന്ന പദ്ധതിയിൽ വ്യക്തമാക്കിയിരുന്നു . ഒപ്പം മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു , ഇന്ത്യ സമാധാനത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും അത് തങ്ങളുടെ പരമാധികാരം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും . ഇത് ഓർമ്മപ്പെടുത്തലാണ് ചൈനയ്ക്കും , പാകിസ്താനുമുള്ള ഓർമ്മപ്പെടുത്തൽ , ഇന്ത്യ പഴയ ഇന്ത്യയല്ല , അടിച്ചാൽ പത്തിരട്ടിയായി മടക്കി നൽകാൻ ശേഷിയുള്ള പുതിയ ഇന്ത്യയാണെന്ന ഓർമ്മപെടുത്തൽ.
രണ്ട് വർഷം മുൻപ് നടന്ന പുൽവാമ ഭീകരാക്രമണ ദിനം തന്നെ ഇതിനായി തെരഞ്ഞെടുത്തതും യാദൃശ്ചികമല്ല ,രാജ്യം സർവ്വസജ്ജമായി , ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം അണിനിരക്കുമെന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നൽകുന്നത്
Discussion about this post