കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ നുണകൾ ആവർത്തിക്കുന്നുവെന്ന് കൊല്ലം രൂപത. ആഴക്കടല്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയാണ് കൊല്ലം രൂപതയുടെ പ്രതികരണം. പൊയ്മുഖം അഴിഞ്ഞ് വീഴുമ്പോഴും മുഖ്യമന്ത്രി വീണ്ടും നുണകൾ ആവര്‍ത്തിക്കുന്നുവെന്നാണ് കൊല്ലം രൂപത വ്യക്തമാക്കുന്നത്.
ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശം അപക്വവും അടിസ്ഥാന രഹിതവുമാണ്. ജനാധിപത്യത്തിന്‍റെ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും. ഇരുവരും മാപ്പ് പറയണമെന്നും കൊല്ലം രൂപത അൽമായ കമ്മീഷൻ ആവശ്യപ്പെടുന്നു.
അതേസമയം ആഴക്കടൽ മത്സ്യബന്ധന കരാറില്‍ ആലപ്പുഴ ലത്തീൻ രൂപതയും ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ തീരദേശത്തിന്റെ നിലപാട് അറിയിച്ചത്. തീരദേശം ഉൾപ്പെട്ട ആലപ്പുഴ ജില്ലയിലടക്കം മത്സ്യബന്ധന കരാറിൽ എൽഡിഎഫിനെതിരെ ശക്തമായ നിലപാടാണ് ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ഫിഷറീസ് മന്ത്രി, ആലപ്പുഴ ബിഷപ്പിനെ സന്ദർശിച്ചത്.
Discussion about this post