ചെന്നൈ: രജനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രജനികാന്തിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത് എന്നാണ് കോൺഗ്രസിന്റെ ആരോപണം. രജനികാന്തിന് വളരെ നേരത്തെ തന്നെ പുരസ്കാരം നൽകാമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. എല്ലാത്തിൽ നിന്നും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാജീവ് ശുക്ല ആരോപിച്ചു.
എന്നാൽ കോൺഗ്രസിന്റെ നിലപാടിനെതിരെ രാജ്യമെമ്പാടുമുള്ള രജനികാന്ത് ആരാധകർ പ്രതിഷേധവുമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് പുറത്ത് പോലും ആരാധകരുള്ള സൂപ്പർ താരമാണ് രജനികാന്ത്. കോൺഗ്രസ് രജനികാന്തിനെയും അദ്ദേഹത്തിന്റെ പ്രതിഭയെയും അപമാനിക്കുകയാണ് എന്നാണ് അവരുടെ വിമർശനം.
അതേസമയം പുരസ്കാര നേട്ടത്തിൽ അതിയായ സന്തോഷമുണ്ടെന്ന് രജനികാന്ത് പറഞ്ഞു. പുരസ്കാരം നൽകിയതിന് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിനും ജൂറിക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Discussion about this post