ചെന്നൈ: ഡിഎംകെ നേതാവ് സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായ നികുതി പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. പരിശോധന 12 മണിക്കൂർ നീണ്ടു നിന്നു. സ്റ്റാലിന്റെ മകളുടെ സ്ഥാപനങ്ങളിൽ നിന്നും നിരവധി രേഖകൾ പിടികൂടി.
സ്റ്റാലിന് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. സ്റ്റാലിന്‍റെ മകള്‍ സെന്താമരെയുടെ ഇസിആറിലെ വീട്ടിലും മരുമകന്‍ ശബരീശന്‍റെ സ്ഥാപനങ്ങളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്. ഡിഎംകെ ഐടി വിഭാഗം ചുമതലയുള്ള കാര്‍ത്തിക്ക്, മോഹന്‍ എന്നിവരുടെ വസതികളും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് ഡിഎംകെ സ്ഥാനാര്‍ത്ഥികളുടെ വസതികളില്‍ നിന്ന് ഏഴ് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ മാസം ഡിഎംകെ സ്ഥാനാർത്ഥി ഇ വി വേലുവിന്റെ തിരുവണ്ണാമലയിലെയും ചെന്നൈയിലെയും വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വേലു സ്ഥാപിച്ച അരുണൈ എഞ്ചിനീയറിംഗ് കോളേജിലും സ്റ്റാലിൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലും പരിശോധന നടന്നിരുന്നു.
അതേസമയം റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ സംഭവത്തിന് യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്നും ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കാനാണ് രാജ്യത്ത് നിയമസംവിധാനങ്ങളെന്നും ബിജെപി വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
Discussion about this post